"മുഖ്യധാര" എന്നത് ചിലരുടെ മാത്രം കുത്തകയൊന്നുമല്ല. ഉൾക്കൊള്ളലിന്റെയും
ഒരുമയുടെയും നാരുകളാണ് അവയെ തുന്നിചേർക്കുന്നത്. മറ്റുള്ളവരുടെ പ്രൊപ്പഗണ്ടകൾക്കപ്പുറം
സ്വയം വാർത്തെടുത്ത വിചാരധാരകളെ പിന്തുടരലാണ് സംസ്കൃത സമൂഹത്തിന് അഭികാമ്യം.
നടന്നു പരിചയിച്ച വഴികളിലൂടെ മാത്രം സഞ്ചരിക്കുന്നതൊന്നും ശ്രമകരമല്ല.
ലക്ഷ്യസ്ഥാനത്തേക്ക് വഴികൾ പലതുമുണ്ട്, നേർവഴികൾ തിരഞ്ഞെടുക്കുന്നത് മനുഷ്യന്റെ യുക്തി
ബോധത്തിന്റെ പിൻബലത്തിലാണ്. മറ്റൊരു തലത്തിൽ പറഞ്ഞാൽ, അവഗണനകളോടും
ബഹിഷ്കരണങ്ങളോടും വരകളിലൂടെയും മൊഴികളിലൂടെയും കലഹിക്കലാണ് നമ്മുടെ ധാർമിക ദൗത്യം.
ഇതൊരു സർഗാത്മക പ്രതിരോധം കൂടിയാണ്. നമ്മളിവിടെ നടന്നുപോയതിന്റെ ശേഷിപ്പായി
നമ്മുടെ പാദങ്ങളെ മണ്ണിൽ ആഴത്തിൽ പതിപ്പിക്കേണ്ടതുണ്ട്. പിന്തിരിപ്പന്മാരുടെ പരിഹാസ വാക്കുകളെക്കാൾ മുന്നോട്ടുപോകുവാനുള്ള ഊർജ്ജം നൽകുന്ന ഒരു കൂട്ടായ പരിശ്രമം.